
മലേഗാവ് സ്ഫോടനക്കേസിൽ ബിജെപി നേതാവ് പ്രജ്ഞാസിങ് ഠാക്കൂർ ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു. ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുംബൈയിലെ എൻഐഎ പ്രത്യേക കോടതിയുടെ നടപടി. ബിജെപി നേതാവും മുൻ എംപിയുമായ പ്രജ്ഞാസിങ് ഠാക്കൂർ, മുൻ സൈനിക ഉദ്യോഗസ്ഥൻ ലെഫ്. കേണൽ പ്രസാദ് പുരോഹിത്, വിരമിച്ച മേജർ രമേശ് ഉപാധ്യായ, അജയ് രഹിർക്കർ, സുധാകർ ദ്വിവേദി, സുധാകർ ചതുർവേദി, സമീർ കുൽക്കർണി എന്നിവരെയാണ് വെറുതെവിട്ടത്.
സ്ഫോടനം നടന്ന് 17 വർഷത്തിനു ശേഷമാണ് വിധി പ്രഖ്യാപിക്കുന്നത്. 2008 സെപ്റ്റംബർ 29-നാണ് മലേഗാവിലെ ബിക്കു ചൗക്കിന് സമീപം സ്ഫോടനമുണ്ടായത്. ജനത്തിരക്കേറിയ മേഖലയിൽ മോട്ടോർസൈക്കിളിൽ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ ആറുപേരാണ് കൊല്ലപ്പെട്ടത്. നൂറിലേറെ പേർക്ക് പരിക്കേറ്റിരുന്നു.
എടിഎസ് (ഭീകര വിരുദ്ധ സേന) അന്വേഷിച്ച കേസ് 2011ലാണ് എൻഐഎ ഏറ്റെടുത്തത്. വർഗീയ സംഘർഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ന്യൂനപക്ഷങ്ങൾ ഏറെയുള്ള മാലെഗാവിൽ റമസാൻ മാസത്തിൽ സ്ഫോടനം ആസൂത്രണം ചെയ്തു നടപ്പാക്കിയെന്നാണ് എൻഐഎ കണ്ടെത്തിയത്. 323 സാക്ഷികളിൽ 37 പേർ കൂറുമാറിയിരുന്നു.











